
വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റ്: ഷെഡ്യൂൾ നറുക്കെടുപ്പും വാർത്താ സമ്മേളനവും ഓസ്റ്റിനിൽ നടന്നു - മാർട്ടിൻ വിലങ്ങോലിൽ
ഓസ്റ്റിൻ: അമേരിക്കയിലെ മലയാളി ഫുട്‍ബോൾ ടീമുകളെ പങ്കെടുപ്പിച്ചു നടക്കുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ (NAMSL, വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റ്) വാർത്താ സമ്മേളനവും അതോടൊപ്പം മത്സര ഷെഡ്യൂളും ഓസ്റ്റിനിൽ പ്രഖ്യാപിച്ചു.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഫുട്ബാൾ മാമാങ്കത്തിനു ഇത്തവണ ആതിഥ്യം വഹിക്കുന്ന ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. ഇതോടൊപ്പം നറുക്കെടുപ്പിലൂടെ ടീമുകളുടെ മത്സരക്രമങ്ങളും പൂർത്തിയാക്കി.
NAMSL പ്രസിഡറന്റ് അജിത് വർഗീസ്, വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് ,സെക്ടട്ടറി മാറ്റ് വർഗീസ്, ട്രഷറർ ജോ ചെറുശ്ശേരി ,ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് ,സിജോ സ്റ്റീഫൻ (പബ്ലിക് റിലേഷൻ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ബോർഡ് അംഗങ്ങൾ, മുഖ്യ സ്പോൺസർ ജിബി പാറക്കൽ (പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, വൈ. പ്രസിഡറന്റ് പ്രശാന്ത് വിജയൻ, സെക്രട്ടറി താരിഖ് ഇസ്മായിൽ തുടങ്ങിയവരും ഓസ്റ്റിനിലെ സാമൂഹിക സാംസ്കാരിക സംഘടനകളായ ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ , ഓസ്റ്റിൻ താളം, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ എന്നിവരുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
അജിത് വർഗീസ് പരിപാടിയിൽ സ്വാഗതം ആശംസിച്ചു. താരിഖ് ഇസ്മായിൽ ടൂർണമെന്റ് ഫോർമാറ്റു വിവരിച്ചു നറുക്കെടുപ്പ് നടത്തി. പ്രശാന്ത് വിജയൻ നന്ദി പ്രകാശിപ്പിച്ചു.
ഓപ്പൺ ടൂർണമെന്റ് (11v11), 35 പ്ലസ് (7v7) എന്നീ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി 400 കളിക്കാർ പങ്കെടുക്കുന്ന മെഗാ ടൂർണമെന്റിൽ നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 19 ടീമുകകൾ പങ്കെടുക്കും. ഓസ്റ്റിനിലെ റൗണ്ട് റോക്ക് മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സിൽ ഓഗസ്റ്റ് 4 മുതൽ 6 വരെ നടക്കുന്ന പരിപാടിയിൽ റൗണ്ട് റോക്ക് മേയർ ക്രെയ്ഗ് മോർഗൻ മുഖ്യാതിഥിയായിരിക്കും.